Sunday, September 17, 2017

വിലാസിനിക്ക് സുകുമാര്‍ അഴീക്കോട് അയച്ച പ്രണയക്കത്ത്‌

വിലാസിനിക്ക് സുകുമാര്‍ അഴീക്കോട് അയച്ച പ്രണയക്കത്ത്‌
----
എന്റെ ഓമനേ...

എനിക്ക് പുതിയ പ്രാണന്‍ പകര്‍ന്ന് തരുന്ന നിന്റെ നിസ്സീമമായ പ്രേമഭിക്ഷയുമായി എല്ലാ ബുധനാഴ്ചയും എത്തിച്ചേരുന്ന മറുപടി പതിവുപോലെ കിട്ടി. ഈ ബുധനാഴ്ച ഉള്ളത് കൊണ്ട് ഒരാഴ്ച ഏതു വിധമോ തള്ളിനീക്കാന്‍ കഴിയുന്നു. കത്ത് നീണ്ടുപോയതിനല്ല, ഇത്ര ചുരുക്കിയതിനാണ് ക്ഷമ ചോദിക്കേണ്ടത്. വിലാസിനി സ്‌നേഹത്തെപ്പറ്റി എത്രയാവര്‍ത്തിച്ചെഴുതിയാലും രസം ഏറിയേറിവരുന്നതേയുള്ളൂ. എന്തിന്, തന്റെ കൈയ്യക്ഷരം പോലും എന്നില്‍ വികാരക്ഷോഭം ഉയര്‍ത്തുന്നു. അന്യോന്യം പ്രേമിക്കുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും അവരുടെ എഴുത്തുകള്‍ ക്ഷമാപൂര്‍വ്വം വായിക്കാനൊക്കുകയില്ലത്രേ. നമ്മുടെ എഴുത്തുകള്‍ മറ്റു വല്ലവരുടെയും കൈയ്യില്‍പെട്ടാല്‍ ..?
-
ഇങ്ങനെ എഴുതിപ്പോയാല്‍ , വിവാഹത്തിന് ശേഷം നമുക്ക് സംസാരിക്കാന്‍ ഒന്നുമല്ലാത്ത നില വന്നുകൂടായ്കയില്ല. ഈ അവസ്ഥ വരാതിരിക്കാന്‍ ഒരു വഴിയേയുള്ളൂ- എത്രയും വേഗം എന്നെ വിവാഹം കഴിക്കുക തന്നെ. ഏറ്റവും നല്ല പ്രേമബന്ധം എഴുത്തുവഴി നടക്കുന്നതാണെന്ന ഷാവിന്റെ അഭിപ്രായം തനിക്കില്ലല്ലോ. അഥവാ ഉണ്ടെങ്കില്‍ വിവാഹം കഴിഞ്ഞാലും എനിക്ക് കത്തെഴുതാന്‍ വി-യെ അനുവദിച്ചിരിക്കുന്നു. പ്രേമം മൂക്കുമ്പോള്‍ താന്‍ കടലാസ്സന്വേഷിച്ച് ഓടുന്നത് കാണേണ്ടൊരു കാഴ്ചയായിരിക്കും!
-
ഞാന്‍ ഈ 'പിച്ചകപ്പൂവി'നെ (കാമദേവന്റെ അഞ്ചമ്പുകളില്‍ ഒന്നാണെന്ന് സൂചിപ്പിക്കാനല്ലേ താന്‍ അതെഴുതിയത്!) സ്‌നേഹിച്ചതെന്ത് കൊണ്ടാണെന്ന സംശയം ഇനിയും ബാക്കിക്കിടക്കുന്നു. അല്ലേ? ഞാന്‍ തെളിച്ചുപറഞ്ഞുതരാം. ഒരാള്‍ പ്രസംഗിക്കാന്‍ പ്ലാറ്റ്‌ഫോമില്‍ കയറി നില്‍ക്കുന്ന അവസരത്തില്‍ എന്നോടാവശ്യപ്പെട്ടാല്‍ ഞാന്‍ ഇയാളെ നോക്കിക്കൊള്ളാം എന്ന് ഒരു കേള്‍വിക്കാരിക്ക് തോന്നിയത്( ഓ, വല്ലാത്ത നാണം കെട്ടവള്‍ തന്നെ!) ഏതു കാരണത്താലാണോ, ഊരും പേരും അറിയാത്ത ഒരു പെണ്ണിനോട് കേറി വിവാഹഭ്യര്‍ത്ഥന നടത്താന്‍ എനിക്കും അതേ കാരണമേയുള്ളൂ. നാമിരുവരും ഒരേ നുകത്തില്‍ കെട്ടേണ്ട ജീവികള്‍ തന്നെ. അന്ത:കരണത്തില്‍ പെട്ടെന്ന് തോന്നുന്നത് നല്ലവരുടെ കാര്യത്തില്‍ തെറ്റിപ്പോകാറില്ല എന്ന ദുഷ്യന്തന്റെ ന്യായം നമ്മെ രക്ഷിച്ചിരിക്കുന്നു. പരിശുദ്ധമായ ഹൃദയത്തിന്റെയും പ്രഗല്ഭമായ ബുദ്ധിയുടെയും (മോഹനമായ ശരീരത്തിന്റെയും, അതില്ലെന്ന് എന്തിന് നടിക്കണം) ഗുണങ്ങള്‍ വി.യില്‍ ഇല്ലെങ്കില്‍ വി-യെ സ്‌നേഹിക്കാന്‍ എനിക്ക് തോന്നുകപോലുമില്ലായിരുന്നു എന്നാണെന്റെ വിശ്വാസം. അന്ന് എന്റെ കൂടെ വന്ന മറ്റ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നീ മറ്റു പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ ഒരുവള്‍ മാത്രമായിരുന്നു. എനിക്കാകട്ടെ നീ ഒരു വര്‍ഗ്ഗവും മറ്റുള്ളവരെല്ലാം മറ്റൊരു വര്‍ഗ്ഗവും ആയിരുന്നു. അനുരാഗമുള്ളവന്റെ മിഴിക്ക് ഒരു വിശേഷസുഭഗത്വം കാണാം എന്ന് ആശാന്‍ പറയുന്നതോ ശരി, മറിച്ച് വിശേഷസുഭഗത്വം മൂലം അനുരാഗം ഉണ്ടാകുന്നു എന്ന് പറയുന്നതോ? ഞാന്‍ രണ്ടാമത്തെ പക്ഷത്താണ്. ഏതു പക്ഷത്തായാലും ഒടുക്കം ഷേക്‌സ്പിയര്‍ പറഞ്ഞതാണ് ശരിയെന്ന് മനസ്സിലാകം- ഈ പ്രേമത്തിന് കാരണമെന്തെന്ന് പറയാന്‍ എനിക്കാവതല്ല!
എന്ത് കാരണമാകട്ടെ എനിക്ക് വി.യെ വേണം. (ഞാനിത് എത്രാമത്തെ തവണയാണ് ആവര്‍ത്തിക്കുന്നത്!) എന്ത് പ്രതിബന്ധമുണ്ടായാലും നീ എന്റേതായിരിക്കും. ചിലപ്പോള്‍ അവിടെ വന്ന് കാറില്‍ പിടിച്ചിട്ട് ഇങ്ങോട്ട് കൊണ്ട് വരണമെന്ന് പോലും തോന്നാതെയില്ല. കളി പറയുന്നതല്ല. കാണാതിരിക്കെ കാണാനും കണ്ടാല്‍ കെട്ടിപ്പിടിക്കാനും മറ്റെന്തെല്ലാമോ കാട്ടാനും പ്രേരിപ്പിക്കുന്ന കാമിനിമാരെ കുറ്റപ്പെടുത്തിയ ഭര്‍ത്തൃഹരി എന്റെ ഹൃദയം കണ്ടറിഞ്ഞ ആളാണ്. നാം തമ്മില്‍ ചെറുപ്പത്തിലേ പരിചയമുള്ളത് പോലെ തോന്നുന്നു. അത്ര മാത്രം, താനൊന്ന് പറഞ്ഞാല്‍ ആ പറഞ്ഞതും പറയാതെ വിട്ടതും എല്ലാം എനിക്ക് മനസ്സിലാകുന്നു.

ഞാനിപ്പോള്‍ ഫ്ല ബാധിച്ച് രണ്ടുമൂന്ന് നാളായി കിടപ്പിലാണ്. വല്ലാത്ത ക്ഷീണം. വിലാസിനി എന്നെ ശുശ്രൂഷിക്കുന്നതായി സ്വപ്‌നം കണ്ടുകൊണ്ട് കഴിയുന്നു.

വിലാസിനിക്ക് സുഖമല്ലേ? ഇപ്പോള്‍ സൂക്ഷിക്കേണ്ട കാലമാണ്. ഈ കത്ത് വായിച്ചാല്‍ തന്നെ ചിലപ്പോള്‍ എന്റെ ഫ്ല തനിക്ക് പകര്‍ന്നേക്കും.

ഒരു ചുടുചുംബനത്തോടെ- ചൂട് കൂടാന്‍ കാരണം ടെമ്പറേച്ചര്‍ ആണ്; താന്‍ ധരിച്ചത് പോലെ സ്‌നേഹമല്ല!

എന്നും വിലാസിനിയുടെ
സുകുമാര്‍
15/06/1967

('പ്രണയകാലം- സുകുമാര്‍ അഴീക്കോടും ഞാനും' എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment

ഭൂമിയുടെ ചുറ്റളവ്

#Science_with_gokul🌍 #36 °°°°°°°°°°°°°°°°°°°°°°°°°°°° എങ്ങനെ ഇറാതോസ്തനസ് ഭൂമിയുടെ ചുറ്റളവ് കണ്ടെത്തി?