ഒരു കവിതയുടെ രചനയില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍.
1. ആശയം
2. രചയുടെ ഘടന
3. ആശയ സംവേദനക്ഷമത
4. ഭാഷാശുദ്ധി
മേല്പ്പറഞ്ഞ കാര്യങ്ങള്‍ കവിതയ്ക്കുമാത്രമല്ല, കഥ, നോവല്‍, ലേഖനങ്ങള്‍ അങ്ങിനെ എല്ലാത്തിനും ബാധകമാണ്. ഒരാളുടെ മനസ്സിലുള്ള ഒരു വൈകാരികഭാവമാണല്ലോ ഈവ്വിധം വേഷപ്പകര്‍ച്ചയായി കടന്നുവരുന്നത്. അക്ഷരങ്ങള്‍ ഉപയോഗിച്ച്, ആശയങ്ങളെ മറ്റുള്ളവരിലേക്കു പകരുമ്പോള്‍, നിര്‍ദിഷ്ട ആശയം സുവ്യക്തമാകുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കേണ്ടിയിരിക്കുന്നു. ഔചിത്യം എന്നുപറയാം.
കവിത എഴുതിക്കഴിഞ്ഞാല്‍, അതിന് ഒരു പുനര്‍വായനയും ശുദ്ധീകരണവും ആവശ്യമാണ്. അതിനെ, ഒരു പരിപാകംവരുത്തല്‍ എന്നു ഞാന്‍ പറയും. ഈ പരിപാകംവരുത്തല്‍ കവിതന്നെ ചെയ്യേണ്ടതാണ്. കവിതയുടെ പുനര്‍വായനയിലാണു സത്യത്തില്‍ കവിത രചിക്കപ്പെടുന്നത് എന്നാണ് എന്റെ പക്ഷം.
ആശയങ്ങളുടെ പുന:ക്രമീകരണം, വ്യക്തതവരുത്തല്‍, തെറ്റുകള്‍ തിരുത്തല്‍, കൂട്ടിചേര്‍ക്കലുകള്‍, ഒഴിവാക്കലുകള്‍ എല്ലാംകൂടിച്ചേര്‍ന്നൊരു പ്രക്രിയ യാണിത്. ഇവിടെവച്ചുതന്നെയാണ് കവിതയുടെ വായനാസുഖം നിയതമാക്കപ്പെടുന്നത്.
രചയുടെ വഴികളില്‍ സാധാരണ സംഭവിക്കുന്ന തെറ്റുകള്‍:
1. വിശേഷണ വിശേഷ്യങ്ങളുടെ സ്ഥാനം
2. ഭാഷയിലെ സന്ധി – സമാസ്സ പ്രയോഗങ്ങള്‍
3. ഭാഷയിലെ സംവൃതോകാരത്തിന്‍റെയും (ഉ︣ ) വിവൃതോകാരത്തിന്റെയും (ഉ) പ്രയോഗങ്ങള്‍.
4. വിനയച്ച പ്രയോഗങ്ങള്‍
5. ചിന്ഹങ്ങള്‍ - അവയുടെ ഉപയോഗം. “പ്രശ്ലേഷ” ചിന്ഹത്തിന്റെ ഉപയോഗം.
6. ഉപസര്‍ഗ്ഗങ്ങളുടെ ഉപയോഗം.
1. കവിതയുടെ രചനയില്‍ ഒരു വരി (പാദം) എവിടംവരെ ആകണമെന്നത് ഏറെ പ്രാധാന്യമുള്ളതാണ്. ഒരു വരിയില്‍ അന്ത്യമായിവരുന്ന പദം, പൂര്‍ണ്ണമായ അര്‍ത്ഥത്തോടെ അവിടെ അവസാനിക്കുകയാണോ, അതോ, തൊട്ടടുത്തവരിയിലെ ആദ്യപദവുമായി ചേര്‍ന്നുതന്നെ നില്‍ക്കുന്നതാണോ എന്നെല്ലാം പുനര്‍ വായനയിലാണു പരിശോധിക്കപ്പെടുക. രണ്ടു വരികളെ അര്‍ത്ഥപരമായി വേര്‍തിരിക്കാതിരിക്കുകയുംവേണം എന്നാല്‍ ബാഹ്യഘടനയില്‍ രണ്ടു വരികളായി എഴുതുകയുംവേണം എന്ന സ്ഥിതിയിലാണു ചില ചിന്ഹങ്ങള്‍ ഉപയോഗിച്ച് അതിനെ ആശയപരമായും ഘടനാപരമായും മറികടക്കുന്നത്.
2. കവിതാരചനയില്‍ വൃത്തം ഉണ്ടായതുതന്നെ ഈയൊരു സാഹചര്യത്തിലാണെന്നാണ് എന്റെ വിലയിരുത്തല്‍. നല്ല പദസമ്പത്തും അതിന്റെ ഉപയോഗത്തിലുള്ള ഔചിത്യവും ഏറെ ആവശ്യമാണ്. കവിതയുടെ ഒരു താളമാണല്ലോ ഈ വൃത്തം. ഭാഷയിലെ അക്ഷരങ്ങളെപ്പോലും ഈ താളനിബദ്ധതയ്ക്കനുസ്സരിച്ചാണല്ലോ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു രചനയുടെ വായനയില്‍ പദങ്ങളെക്കാളുപരി ആ ഒരു താളമാണ് വായനക്കാരന്റെ ഹൃദയത്തിലേക്ക് ആശയത്തോടൊപ്പം ചെല്ലേണ്ടത്. അല്ലാതെ കവിത വൃത്തത്തില്‍തന്നെ വേണമെന്ന ലിഖിത നിയമമൊന്നും ഇല്ല. വായിക്കുമ്പോള്‍ ഒരൊഴുക്കുണ്ടാകണം.
3. പലപ്പോഴും, കവിതാരചനയില്‍ (കവിതയില്‍ മാത്രമല്ല, മറ്റു രചനാസങ്കേതങ്ങളിലും) ചേര്‍ത്തെഴുതേണ്ട വാക്കുകളെ ചേര്‍ത്തെഴുതാതെ ഉപയോഗിക്കുന്നതു വളരെയേറെ കണ്ടുവരുന്നൊരു തെറ്റാണ്. ഇംഗ്ലീഷുഭാഷയുടെ സ്വാധീനമാണിതിന്‍റെ കാരണം. ഇംഗ്ലീഷുഭാഷ, വാക്കുകള്‍ മുറിച്ചുമുറിച്ചു എഴുതുന്നതായതുകൊണ്ടും പൊതുവേ അതിന്റെ ഉച്ചാരണം പദങ്ങളെ ഒന്നൊന്നായി പറയുന്നതും ആയതുകൊണ്ടും, ആ ഭാഷയുടെ പ്രയോഗ–ഉപയോഗങ്ങളുടെ പരിചയത്തിലൂടെ, കാലക്രമേണ ആ തെറ്റു നമ്മളിലേക്കും പകര്‍ന്നുപോയി, നാമറിയാതെതന്നെ.
4. സംവൃതോകാരത്തിന്റെയും (ഉ︣ ) വിവൃതോകാരത്തിന്റെയും (ഉ) ഉപയോഗം - ഇതു വളരെ നിസ്സാരമായൊരു വ്യാകരണകാര്യമാണ്. പക്ഷേ, ആരും ശ്രദ്ധിച്ചുകാണാറില്ല. ഇതിന്റെ ശരിയായ ഉപയോഗത്തിന് ഏറ്റവും നല്ല ഉദാഹരണം വി. ബൈബിളാണ് (ചില സ്ഥലങ്ങളില്‍ കുറവുകളുണ്ടെങ്കിലും). തട്ടിക്കൂട്ടിയ പുതിയ രൂപമല്ല, മറിച്ചു പഴയ ബൈബിള്‍ - “സത്യവേദപുസ്തകം”
രണ്ടു പദങ്ങളെടുത്താല്‍ - ആദ്യത്തേതു പൂര്‍വ്വപദം, രണ്ടാമത്തേത് ഉത്തരപദം. ഉത്തരപദത്തിന്റെ ആദ്യാക്ഷരം ഒരു വ്യഞ്ജനാക്ഷരമാണെങ്കില്‍, പൂര്‍വ്വപദത്തിന്റെ അന്ത്യത്തിലുള്ള സംവൃതോകാരം (ഉ︣ ) – വിവൃതോകാരമായിമാറണം (ഉ). ഉത്തരപദത്തിന്റെ ആദ്യാക്ഷരം സ്വരാക്ഷരമാണെങ്കില്‍ മാറ്റം സംഭവിക്കുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ ഈ നിയമം പാലിക്കാതിരിക്കാനും രചയിതാവിന് അവകാശമുണ്ട്. ഗ്രാമീണഭാഷയിലുള്ള സംഭാഷണങ്ങള്‍, ശൈലികള്‍ എന്നിവ അവ്വിധം ലിപിയായിമാറ്റുമ്പോള്‍ ആ ശൈലിക്കും വായനാസുഖത്തിനും പശ്ചാത്തലത്തോടു നീതിപുലര്‍ത്താനും അങ്ങനെ വേണ്ടിവരാം. ഇനി അതുമല്ലെങ്കില്‍ ഭാഷയിലെ ചിഹ്നങ്ങള്‍ ഉപയോഗിക്കുകവഴിയും ഇതിനെ ശരിയായി ഉപയോഗിക്കാന്‍ ശ്രമിക്കാവുന്നതാണ്. പൊതുവേ പറഞ്ഞാല്‍, വായനയുടെ ഒഴുക്കിനു ഭംഗം വരരുത്.
5. മറ്റൊന്ന്, സമാസ്സപ്രയോഗങ്ങള്‍ - പലരും ‘അവന്‍തന്‍’ ‘കണ്മണിതന്‍’, ‘ഭൂമിതന്‍’ എന്നെല്ലാം ഉപയോഗിച്ചുകാണുന്നു. അവന്‍റെ, കണ്മണിയുടെ, ഭൂമിയുടെ എന്നാണു യഥാക്രമം അര്‍ത്ഥമാക്കുന്നത്. പൂര്‍വ്വോത്തരപദങ്ങള്‍ ശരിയായ രീതിയില്‍ ചേര്‍ക്കപ്പെടാതിരിക്കുമ്പോഴാണ് ഈ പ്രശ്നമുണ്ടാകുന്നത്. പുനര്‍വായനയില്‍ ഇത്തരം കാര്യങ്ങള്‍ കണ്ടെത്താനും തിരുത്തുവാനും സാധിക്കും, സാധിക്കണം.
6. മറ്റൊന്ന്, ഭാഷയിലെ ചിന്ഹങ്ങള്‍ ഏതൊക്കെ എവിടെ എങ്ങനെ ഉപയോഗിക്കണം എന്നതാണ്. നിരന്തരമായ ഗദ്യ-പദ്യ വായനയിലൂടെയും പ്രയോഗത്തിലൂടെയും മാത്രമേ അതു യഥാവിധി പ്രയോഗിക്കുവാന്‍ കഴിയൂ.
കവിത വായിക്കുന്ന ഒരാള്‍ക്കു കവിയുടെ ആത്മഹര്‍ഷങ്ങളുടെയും നൊമ്പരങ്ങളുടെയും വൈകാരികതീക്ഷ്ണതയുടെയും പ്രവാഹത്തില്‍ ലയിച്ചുചേരുവാനും ആവര്‍ത്തിച്ചു വായിക്കുമ്പോള്‍ ആ ആശയത്തിന്റെ വികാരതീവൃതയില്‍ അലിയുവാനും കഴിയണം. രചനയുടെ ആന്തരികഭാവം ശോകമോ, തോഷമോ, പരിഹാസമോ, പ്രണയമോ, സ്വപ്നമോ, നഷ്ടദു:ഖങ്ങളോ, മോഹമോ അല്ലെങ്കില്‍ കാമമോ എന്തുതന്നെയാകട്ടെ: കവിതയോ, കഥയോ അങ്ങനെ രചനയുടെ ബാഹ്യരൂപവും എന്തുതന്നെയായാലും, അനുവാചകനും രചയിതാവും തമ്മിലുള്ള ഈ ഭാവ-വൈകാരികതയുടെ സമന്വയം ഇല്ലെങ്കില്‍, ഒരു ‘വൃഥാ ശ്രമം’ മാത്രമായി ആ രചനകള്‍ മാറും. ഭാഷാശുദ്ധിയും വായനയുടെ ഒഴുക്കും ഇല്ലെങ്കില്‍ എങ്ങനെ കവിതയുടെ മധുരം നുകരാന്‍ കഴിയും? എങ്ങനെ കവിതയുടെ ഉപ്പു നുകരാന്‍ കഴിയും??? പിന്നെ എങ്ങനെ കവിതയുടെ വൈകാരികഭാവങ്ങളുടെ പ്രവാഹത്തില്‍ നിര്‍വൃതിയടയുവാന്‍ കഴിയും??
ഞാന്‍, ഒരു കവിതയെ സമീപിക്കുന്നത്, അതിലെ ആശയങ്ങളെ എങ്ങനെ മറ്റുള്ളവരിലേക്കു വ്യാഖ്യാനംചെയ്തു വ്യക്തമാക്കാന്‍ കഴിയുന്നു എന്നൊരു കാഴ്ചപ്പാടോടുകൂടിയാണ്. മാത്രവുമല്ല, മലയാളഭാഷ തെറ്റുകൂടാതെ, നല്ല രീതിയില്‍ ഉപയോഗിക്കുവാന്‍ മലയാളിസമൂഹമെങ്കിലും – വായ്‌മൊഴിയായാലും വരമൊഴിയായാലും – കടപ്പെട്ടിരിക്കുന്നു എന്നു ചിന്തിച്ചുപോയതിന്റെയും ദോഷം. അപ്രകാരം ചെയ്യുന്നതാണു ശരിയെന്നു ചൊല്ലിപ്പഠിപ്പിച്ച ഗുരുഭൂതന്മാര്‍ക്കുമുമ്പില്‍ മാപ്പ്. പിന്നെ അദ്ധ്യാപനത്തിന്‍റെ ഒരു ദോഷവും-
ഞാന്‍ ഒരു കവിയല്ല. ഒരു വിമര്‍ശകനുമല്ല. വല്ലപ്പോഴും എന്തെകിലും എഴുത്തും. തെറ്റുകള്‍ കണ്ടാല്‍ പറയും, അത്രതന്നെ...ആരെയും വേദനിപ്പിക്കാന്‍വേണ്ടി ഒന്നും എഴുതില്ല; പറഞ്ഞില്ല.
ചില സന്ദര്‍ഭങ്ങളില്‍, ആശയസംവേദനത്തിനു “ഭാഷയതിങ്ങപൂര്‍ണ്ണമഹോ” എന്നു മഹാകവി കുമാരനാശാന്‍ പറഞ്ഞതെത്ര സത്യം. പ്രണാമം.
*ബാബു പോൾ* *അങ്കമാലി*
No comments:
Post a Comment